വിരമിച്ച പൈലറ്റുമാരെ വീണ്ടും നിയമിക്കാനൊരുങ്ങി എയർ ഇന്ത്യ
വിരമിച്ച പൈലറ്റുമാരെ വീണ്ടും നിയമിക്കാനൊരുങ്ങി എയർ ഇന്ത്യ. 300 ഒറ്റ ഇടനാഴി വിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ പുതിയ വാഗ്ദാനം. വിരമിച്ച ശേഷം അഞ്ച് വർഷത്തേക്ക് പൈലറ്റുമാരെ വീണ്ടും നിയമിക്കുന്നതിനുള്ള നടപടികളാണ് എയർ ഇന്ത്യ ആലോചിക്കുന്നത്.
ഈ പൈലറ്റുമാരെ വീണ്ടും കമാൻഡർമാരായി നിയമിക്കുന്ന കാര്യം എയർ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു ജോലിക്കായി വിരമിച്ച പൈലറ്റുമാരുടെ സമ്മതം എയർലൈൻ തേടിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.മൂന്ന് വർഷം മുമ്പ് വിരമിച്ച ചർച്ച ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫുൾ സർവീസ് കാരിയർ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാർക്കായി ഒരു വോളണ്ടറി റിട്ടയർമെന്റ് സ്കീം പുറത്തിറക്കുകയും അതേ സമയം പുതിയ നിയമനങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എയർ ഇന്ത്യ. ക്യാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ തുടങ്ങിയ മറ്റ് പ്രധാന റോളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പൈലറ്റുമാർ ഒരു എയർലൈനിന് ഏറ്റവും ചെലവേറിയ തസ്തികയാണ്. മാത്രമല്ല, ആഭ്യന്തര വ്യോമയാന വ്യവസായത്തിൽ വേണ്ടത്ര പരിശീലനം ലഭിച്ച പൈലറ്റുമാരുടെ അഭാവം എല്ലായ്പ്പോഴും ഒരു പ്രശ്നമാണ്.
"5 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങൾക്ക് 65 വയസ്സ് തികയുന്നത് വരെ, റിട്ടയർമെന്റിന് ശേഷമുള്ള കരാറിനായി നിങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," എയർ ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ ഫോർ പേഴ്സണൽ, വികാസ് ഗുപ്തയുടെ ഒരു ഔദ്യോഗിക മെയിലിൽ പറയുന്നു. വിരമിക്കലിന് ശേഷമുള്ള കരാർ കാലയളവിൽ നടക്കുന്ന നിയമനങ്ങൾക്ക് എയർ ഇന്ത്യയുടെ നയം അനുസരിച്ച് അനുവദനീയമായ പ്രതിഫലവും ഫ്ലയിംഗ് അലവൻസുകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
താൽപ്പര്യമുള്ള പൈലറ്റുമാരോട് അവരുടെ വിശദാംശങ്ങൾ രേഖാമൂലമുള്ള സമ്മതപത്രം സഹിതം ജൂൺ 23-നകം മെയിലിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ എയർലൈനിനായുള്ള ലേലത്തിൽ വിജയിച്ചതിന് ശേഷമാണ് ഈ വർഷം ജനുവരി 27 ന് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്.